ജന്മദിന പ്രാര്‍ത്ഥന

ജന്മദിന പ്രാര്‍ത്ഥന

സ്‌നേഹസമ്പന്നനായ ഈശോയേ, എന്റെ ജീവിതത്തില്‍ ഒരു വര്‍ഷംകൂടി എനിക്കങ്ങു തന്നതില്‍ ഞാനങ്ങയെ സ്തുതിക്കുന്നു. കഴിഞ്ഞവര്‍ഷം എനിക്കു ലഭിച്ച എല്ലാ നന്മകളേയും എനിക്കുതന്ന എല്ലാ നല്ല അനുഭവങ്ങളെയും ഓര്‍ത്തു നന്ദിപറയുന്നു. കര്‍ത്താവേ, എനിക്കു കൈവന്ന വിജയങ്ങള്‍ സന്തോഷകരമായ ഓര്‍മ്മകളായും സംഭവിച്ച പരാജയങ്ങള്‍ എന്റെ തന്നെ ബലഹീനതകളുടെ ആഴങ്ങളെ മനസ്സിലാക്കി അങ്ങില്‍ കൂടുതല്‍ ആശ്രയിക്കുന്നതിനുള്ള അവസരങ്ങളായും എന്റെ ദുഖങ്ങള്‍ അങ്ങിലേക്കു വലിച്ചടുപ്പിക്കുന്ന സന്ദര്‍ഭങ്ങളായും മാറ്റുവാന്‍ ഇടയാക്കണമേ. ഞാന്‍ നഷ്ടപ്പെടുത്തിയ മണിക്കൂറുകളും പാഴാക്കിക്കളഞ്ഞ അവസരങ്ങളും അങ്ങയെ വേദനിപ്പിച്ച നിമിഷങ്ങളും ഓര്‍ത്തു ദു:ഖിക്കുന്നു. എന്റെ ജീവിതത്തെ അങ്ങയുടെ ഇഷ്ടമനുസരിച്ചു നെയ്‌തെടുക്കുവാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. എങ്കിലും എന്റെ പോരായ്മകള്‍ പരിഹരിച്ച് ഈ പുതിയ വര്‍ഷം ഏറ്റവും നല്ല രീതിയില്‍ ജീവിക്കുന്നതിനും എന്റെ മാതാപിതാക്കള്‍ക്കും ബന്ധുമിത്രാദികള്‍ക്കും എനിക്കുതന്നെയും അഭിമാനിക്കാവുന്ന വിധത്തില്‍ ജീവിതം കരുപിടിപ്പിക്കുന്നതിനും എന്നെ സഹായിക്കണമേ. എനിക്കു ജന്മം നല്കുകയും വളര്‍ത്തുകയും ചെയ്ത മാതാപിതാക്കളെയും എനിക്കു സ്‌നേഹം നല്കി പരിപോഷിപ്പിക്കുന്ന ബന്ധുജനങ്ങളെയും ഈ ദിവസം എന്നെ ഓര്‍ക്കുകയും അനുമോദിക്കുകയും എനിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കുകയും ഉദാരമായി പ്രതിസമ്മാനം നല്‍കുകയും ചെയ്യണമേ. ആമ്മേന്‍.

 

തിരുവചനം

കര്‍ത്താവു നിന്നെ  അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യട്ടെ. അവിടുന്നു നിന്നില്‍ പ്രസാദിക്കുകയും നിന്നോടു കരുണകാണിക്കുകയും ചെയ്യട്ടെ. കര്‍ത്താവു കരുണയോടെ കടാക്ഷിച്ചു നിനക്കു സമാധാനം നല്‍കട്ടെ (സംഖ്യ 6:24-26).

പ്രത്യാശയുടെ ദൈവം നിങ്ങളുടെ  വിശ്വാസത്താല്‍ സകലസന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ, അങ്ങനെ പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ (റോമാ 15:13).

കര്‍ത്താവ് ഒരുക്കിയ ദിവസമാണിന്ന്, ഇന്നു സന്തോഷിച്ചുല്ലസിക്കാം (സങ്കീര്‍ത്തനങ്ങള്‍  118:24).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!