കരുണയുടെ ജപമാല
പിതാവിന്റെയും പുത്രന്റേയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍. ആമ്മേന്‍. 1 സ്വര്‍ഗ്ഗ, 1 നന്‍മ
വിശ്വാസപ്രമാണം
സര്‍വ്വശക്തനായ പിതാവും ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ദൈവത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ ഏകപുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായിലും ഞാന്‍ വിശ്വസിക്കുന്നു. ഈ പുത്രന്‍ പരിശുദ്ധാത്മാവാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍നിന്നു പിറന്നു; പന്തിയോസ് പീലാത്തോസിന്റെ കാലത്തു പീഡകള്‍ സഹിച്ച്, കുരിശില്‍ തറയ്ക്കപ്പെട്ട്, മരിച്ച്, അടക്കപ്പെട്ടു; പാതാളത്തില്‍ ഇറങ്ങി, മരിച്ചവരുടെ ഇടയില്‍നിന്ന് മൂന്നാംനാള്‍ ഉയിര്‍ത്തു; സ്വര്‍ഗ്ഗത്തിലേക്കെഴുന്നള്ളി, സര്‍വ്വശക്തിയുള്ള പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കുന്നു; അവിടെ നിന്നു ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞാന്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും, പുണ്യവാന്മാരുടെ ഐക്യത്തിലും, പാപങ്ങളുടെ മോചനത്തിലും, ശരീരത്തിന്റെ ഉയിര്‍പ്പിലും നിത്യമായ ജീവിതത്തിലും ഞാന്‍ വിശ്വസിക്കുന്നു. ആമ്മേന്‍.
സമര്‍പ്പണപ്രാര്‍ത്ഥന
നിത്യപിതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപങ്ങള്‍ക്ക് പരിഹാരമായി ഞങ്ങളുടെ നാഥനും രക്ഷകനും അങ്ങേ ഏറ്റവും വാത്സല്യമുള്ള പുത്രനുമായ ഈശോമിശിഹായുടെ തിരുശരീരവും, തിരുരക്തവും, ആത്മാവും, ദൈവത്വവും അങ്ങേയ്ക്ക് ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു. (1 പ്രാവശ്യം).
ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെക്കുറിച്ച്; പിതാവെ, ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമെ. (10 പ്രാവശ്യം)
പരിശുദ്ധനായ ദൈവമേ,
പരിശുദ്ധനായ ബലവാനേ,
പരിശുദ്ധനായ അമര്‍ത്ഥ്യനേ,
ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കാരുണയായിരിക്കണമെ (3 പ്രാവശ്യം)
(ഇങ്ങനെ 5 പ്രാവശ്യം ചൊല്ലുക)
ദൈവകാരുണ്യഭക്തിയുടെ അഞ്ചു പ്രധാനഭാഗങ്ങള്‍
1. കരുണയുടെ ഈശോയുടെ ചിത്രത്തോടുള്ള ആദരവ്
2. ദൈവകാരുണ്യത്തിന്റെ തിരുനാള്‍ ആഘോഷിക്കുക.(ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായര്‍)
3. കരുണക്കൊന്ത ചൊല്ലുക
4. ദൈവകാരുണ്യ നൊവേന നടത്തി തിരുന്നാളിന് ഒരുങ്ങുക.
5. കരുണയുടെ മണിക്കൂറില്‍ ധ്യാനിക്കുക. (ഉച്ചകഴിഞ്ഞ് മൂന്നു മണി)
കരുണയുടെ മണിക്കൂര്‍ അനുസ്മരണം
സിസ്റ്റര്‍ ഫൗസ്റ്റീന രേഖപ്പെടുത്തിയിരിക്കുന്ന നമ്മുടെ കര്‍ത്താവിന്റെ വചനങ്ങള്‍
‘മൂന്നുമണിക്ക് പ്രത്യേകിച്ച് പാപികള്‍ക്കായി എന്റെ കരുണയില്‍ അഭയം തേടുക. ഒരു നിമിഷത്തേയ്‌ക്കേ ഉള്ളുവെങ്കിലും എന്റെ പീഡാസഹനങ്ങളിലേക്ക് ആഴ്ന്നിറങ്ങുക, സഹനമയത്ത് സര്‍വ്വരാലും പരിത്യക്തമായ എന്റെ അവസ്ഥയില്‍ പ്രത്യേകിച്ച് ചിന്താഗ്രസ്തരാവുക, ലോകം മുഴുവനിലും എന്റെ കരുണ ചൊരിയപ്പെടുന്ന മഹനീയ മണിക്കൂറാണിത്. മരണകരമായ എന്റെ ദു:ഖങ്ങളില്‍ പങ്കുചേരാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കും. എന്റെ സഹനത്തെപ്രതി സമര്‍പ്പിക്കുന്ന ഏതപേക്ഷയും ഈ മണിക്കൂറില്‍ ആ ആത്മാക്കള്‍ക്ക് ഞാന്‍ നിരസിക്കുകയില്ല.
മൂന്നുമണി പ്രാര്‍ത്ഥന
ഈശോയുടെ ഹൃദയത്തില്‍നിന്നും ഞങ്ങള്‍ക്ക് കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ, അങ്ങയില്‍ ഞാന്‍ ശരണപ്പെടുന്നു.
തിരുവചനം
കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും (ഏശയ്യാ 1:18)
അവരുടെ അനീതികളുടെ നേര്‍ക്കു ഞാന്‍ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല. (ഹെബ്രായര്‍ 8:12)
കരുണയുള്ളവര്‍ ഭാഗ്യവാന്‍മാര്‍; അവര്‍ക്കു കരുണ ലഭിക്കും. (മത്തായി 5:7)
അവിടുന്ന് വീണ്ടും നമ്മോടു കാരുണ്യം കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്ന് ചവിട്ടിമെതിക്കും. ആഴിയുടെ അഗാധങ്ങളിലേക്കു നമ്മുടെ പാപങ്ങളെ അവിടുന്ന് തൂത്തെറിയും. (മിക്കാ 7:19)
അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച് എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു. (ലൂക്കാ 15:7)