പ്രഭാത പ്രാര്‍ത്ഥന
സ്‌നേഹമുള്ള ഈശോയേ, അങ്ങു തന്ന ഈ പ്രഭാതത്തിന്റെ ആദ്യ നിമിഷങ്ങളില്‍ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു, സ്തുതിക്കുന്നു, ആരാധിക്കുന്നു. കഴിഞ്ഞ രാത്രിയില്‍ അങ്ങു നല്കിയ അനുഗ്രഹങ്ങള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. എന്റെ ശരീരവും ആത്മാവും എന്റെ എല്ലാ കഴിവുകളും ഇന്നത്തെ എന്റെ പ്രവൃത്തികളും, പ്രാര്‍ത്ഥനകളും, സന്തോഷങ്ങളും, സങ്കടങ്ങളും, വിചാരങ്ങള്‍ പോലും പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയം വഴി, എന്റെ പ്രത്യേക മദ്ധ്യസ്ഥരായ വിശുദ്ധരുടെ യോഗ്യതകളോടുകൂടെ, അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു.
എന്റെ എല്ലാ ഉദ്യമങ്ങളേയും അങ്ങ് ആശീര്‍വദിക്കണമേ. പ്രവൃത്തികളെ അങ്ങ് നിയന്ത്രിക്കണമേ. അങ്ങേ തിരുരക്തത്തില്‍ പൊതിഞ്ഞ് എന്നെ സൂക്ഷിക്കണമേ. അങ്ങേ സ്‌നേഹത്തില്‍ നിന്ന് ഒരു ശക്തിക്കും എന്നെ അകറ്റാന്‍ കഴിയാതിരിക്കട്ടെ. ഞാനിന്നു ബന്ധപ്പെടുന്ന എല്ലാവരിലും അങ്ങയുടെ സ്‌നേഹം പകര്‍ന്നുകൊടുക്കുവാന്‍ കൃപ തരണമേ. ഞാന്‍ കാണുന്ന എല്ലാറ്റിനെയും അങ്ങ് ആഗ്രഹിക്കുന്നതു പോലെ കാണുവാന്‍ സാധിക്കട്ടെ. ഞാനിന്നു മരിക്കുവാന്‍ അങ്ങ് തിരുമനസ്സാകുന്നെങ്കില്‍ അങ്ങേ തിരുമുഖം കാണുവാന്‍ എനിക്കിടയാക്കണമേ.
സ്‌നേഹമുള്ള ഈശോയേ, എന്റെ മാതാപിതാക്കളെയും സഹോദരീസഹോരന്മാരെയും സ്‌നേഹിതരേയും ഉപകാരികളെയും എന്റെ പ്രാര്‍ത്ഥന ആഗ്രഹിക്കുന്ന ഏവരെയും അങ്ങ് അനുഗ്രഹിക്കണമേ. അവരെയെല്ലാം അങ്ങയോടുള്ള ഐക്യത്തില്‍ സദാ കാത്തുകൊള്ളണമേ. ആദ്ധ്യാത്മീകവും ശാരീരികവുമായ അനുഗ്രഹങ്ങള്‍ അവര്‍ക്കു നല്കണമേ. വേദനയില്‍ സഹനശക്തിയും അപകടങ്ങളില്‍ ധൈര്യവും രോഗത്തില്‍ ശാന്തിയും പ്രയാസങ്ങളില്‍ സന്തോഷവും കൊടുത്തനുഗ്രഹിക്കണമേ.
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കു നിത്യശാന്തി നല്കണമേ. ഇന്നു മരിക്കാനിരിക്കുന്നവര്‍ക്ക് അങ്ങയുടെ സ്‌നേഹത്തിന്റെ ശക്തി കാണിച്ചുകൊടുക്കേണമേ. പ്രലോഭനങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് കരുണയും പുണ്യജീവിതം നയിക്കുന്നവര്‍ക്ക് സ്ഥിരതയും കൊടുക്കേണമേ. സഭയെയും രാഷ്ട്രത്തെയും അനുഗ്രഹിക്കണമേ.
എന്റെ കാവല്‍മാലഖയേ, ദൈവത്തിന്റെ കൃപയാല്‍ അങ്ങേക്കു ഏല്പിക്കപ്പെട്ടിരിക്കുന്ന എന്നെ, ഈ ദിവസം മുഴുവനും സ്‌നേഹപൂര്‍വ്വം കാത്തുസൂക്ഷിക്കുകയും നിരന്തരം പരിപാലിക്കുകയും ചെയ്യേണമേ. ആമ്മേന്‍.
OR
പ്രഭാത പ്രാര്‍ത്ഥന
കര്‍ത്താവായ ദൈവമേ സൃഷ്ടികളെല്ലാം ആനന്ദപൂര്‍വം നിന്നെ സ്തുതിച്ചാരിധിക്കുന്നു. എന്തെന്നാല്‍ അനന്തവും അഗ്രാഹ്യവുമായ കാരുണ്യത്താല്‍ നീ അവയെ സൃഷിടിക്കുകയും അത്ഭുതകരമായി പരിപാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. കര്‍ത്താവേ, നിന്റെ പരിപാലന എത്രയും സ്തുത്യര്‍ഹമാകുന്നു. നിന്നില്‍ ആശ്രയിക്കുകയും നിന്റെ തിരുനാമം വിളിച്ചപേക്ഷിക്കുകയും ചെയ്യുന്നവര്‍ ഒരിക്കലും നിരാശരാവുകയില്ല. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ ! ആമ്മേന്‍
ഉദയഗീതം
പുലരിയില്‍ നിദ്രയുണര്‍ന്നങ്ങേ
പാവന സന്നിധിയണയുന്നു
കര്‍ത്താവേ, നിന്‍ കരുണയ്ക്കായ്
നന്ദി പറഞ്ഞു നമിക്കുന്നു.
മാനുജകുലത്തിന്‍ പാലകനേ
വിനയമൊടങ്ങയെ വാഴ്ത്തുന്നു
കൃപയും ശാന്തിയനുഗ്രഹവും
പാപപ്പൊറുതിയുമരുളണമേ
കരളില്‍ നിരാശനിറയ്ക്കരുതേ
കൃപയുടെ വാതിലടയ്ക്കരുതേ
കാക്കും കൈകള്‍ വലിക്കരുതേ
കരുണവെടിഞ്ഞു വിധിക്കരുതേ
പുതിയ ദിനത്തിന്‍ പാതകളില്‍
പാപികള്‍ ഞങ്ങളിറങ്ങുന്നു
വിനകളില്‍ വീഴാതഖിലേശാ
കൈകള്‍ പിടിച്ചു നടത്തണമേ
അനുതാപത്താലെന്‍ നയനം
നനയുന്നെങ്കിലുമനുനിമിഷം
പെരുകി വരുന്നു പാപങ്ങള്‍
കരുണക്കടലേ, കനിയണമേ
കണ്ണുകള്‍ നിന്നിലുറപ്പിച്ചെന്‍
ദിനകൃത്യങ്ങള്‍ തുടങ്ങുന്നേന്‍
വീഴാതെന്നെ നയിക്കണമേ
വിജയനുഗ്രഹമേകണമേ
നാഥാ, നിന്‍ സുവിശേഷത്തിന്‍
പാരമിടുങ്ങിയ പാതകളില്‍
സിദ്ധന്മാരുടെ കാല്‍പാടില്‍
തെറ്റാതെന്നെ നയിക്കണമേ
ദൈവപിതാവിന്‍ സൗഹൃദവും
സുതരുടെ കൃപയുമനുഗ്രഹവും
ദൈവാത്മാവിന്‍ പ്രീതിയുമെന്‍
വഴിയില്‍ വിശുദ്ധി വിരിക്കട്ടെ
സമാപന പ്രാര്‍ത്ഥന
കാരുണ്യവാനായ ദൈവമേ, നിന്റെ നാമം പരിശുദ്ധമാകുന്നു. ഒരിക്കല്‍കൂടി പ്രഭാതം കാണുവാന്‍ ഭാഗ്യം ലഭിച്ച ഞങ്ങളെല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ. പീഡയനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുകയും രോഗികള്‍ക്കു സുഖം നല്‍കുകയും ദരിദ്രരെ സംരക്ഷിക്കുകയും ചെയ്യേണമെ. പാപികള്‍ക്കു പശ്ചാത്താപവും മരിച്ചവര്‍ക്ക് സ്വര്‍ഗ്ഗഭാഗ്യവും നീതിമാന്മാര്‍ക്കു സന്തോഷവും പ്രദാനം ചെയ്യേണമെ. ഇന്നത്തെ ഞങ്ങളുടെ സകല പ്രവര്‍ത്തനങ്ങളും നിന്റെ മഹത്വത്തിനായി ഞങ്ങള്‍ കാഴ്ചവയ്ക്കുന്നു. ആത്മീകവും ശാരീരികവുമായ എല്ലാ ആപത്തുകളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമെ. നിന്നില്‍ നിന്ന് ഒരു നിമിഷം പോലും വേര്‍പിരിയാന്‍ ഞങ്ങളെ അനുവദിക്കരുതേ. നിന്റെ പൈതൃകമായ പരോപലനായില്‍ ഞങ്ങള്‍ ഇന്നും എന്നും ജീവിക്കുന്നതിന് കൃപ ചെയ്യേണമെ. ഇപ്പോഴും ഏപ്പോഴും എന്നേയ്ക്കും ആമ്മേന്‍.
പരിശുദ്ധാത്മാവേ…ഗാനം
പരിശുദ്ധാത്മാവേ നീ എഴുന്നളളി
വരണമേ എന്റെ ഹൃദയത്തില്‍
ദിവ്യദാനങ്ങള്‍ ചിന്തി എന്നുളളില്‍
ദൈവസ്‌നേഹം നിറയ്ക്കണേ.
സ്വര്‍ഗ്ഗവാതില്‍ തുറന്നു ഭൂമിയില്‍
നിര്‍ഗ്ഗളിയ്ക്കും പ്രകാശമേ!
അന്ധകാരവിരിപ്പു മാറ്റീടും ചന്തമേറുന്ന ദീപമേ!
കേഴുമാത്മാവില്‍ ആശവീശുന്ന
മോഹന ദിവ്യഗാനമേ!
വിണ്ടുണങ്ങിവരണ്ട മാനസം കണ്ട വിണ്ണിന്‍ തടാകമേ!
മന്ദമായ് വന്നു വീശി ആനന്ദം തന്ന പൊന്നിളം തെന്നലേ!
രക്തസാക്ഷികള്‍ ആഞ്ഞുപുല്‍കിയ
പുണ്യജീവിതപാത നീ
തിരുവചനം
പ്രഭാതത്തില്‍ ഉണര്‍ന്ന് അവിടുത്തെ അന്വേഷിക്കുന്നവനു കൃപ ലഭിക്കും (പ്രഭാഷകന്‍ 32 : 14).
പ്രഭാതത്തില്‍ അങ്ങയുടെ കാരുണ്യംകൊïു ഞങ്ങളെ സംതൃപ്തരാക്കണമേ! ഞങ്ങളുടെ ആയുഷ്‌കാലം മുഴുവന്‍ ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ (സങ്കീര്‍ത്തനങ്ങള്‍ 90:14).
കര്‍ത്താവേ, പ്രഭാതത്തില്‍ അങ്ങ്എന്റെ പ്രാര്‍ഥന കേള്‍ക്കുന്നു; പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 5:3)