വിശുദ്ധ ഫൗസ്തീനാ

1905 ഓഗസ്റ്റ് 25-ാം തീയതി വി.ഫൗസ്തീനാ പോളണ്ടിലെ ലോഡ്‌സ് എന്ന ഗ്രാമത്തില്‍ ജനിച്ചു. കഠിനമായ സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന അവള്‍ വെറും 33 വര്‍ഷമേ ഈ ലോകത്തില്‍ ജീവിച്ചുളളു. പ്രേഷിത വേലക്കുവേണ്ടി ഒരിക്കലും കന്യാമഠത്തിനു വെളിയില്‍ പോയിട്ടില്ലാത്ത അവളെ വി.ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വിളിച്ചത് ‘ഇരുപതാം നൂറ്റാണ്ടിന്റെ പ്രമുഖ പ്രേഷിത’ എന്നാണ്. വെറും പ്രാഥമിക വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുളള വി.ഫൗസ്തീനായില്‍ വലിയ സ്വാധീനം ചെലുത്തിയ ദിവ്യകാരുണ്യഭക്തി, തിരുഹൃദയഭക്തി, മാതാവിനോടുളള ഭക്തി, പിന്നീടു അവളിലൂടെ ദൈവം നല്‍കിയ കരുണയുടെ ഭക്തിയും, ദൈവകാരുണ്യത്തിന്റെ തിരുനാളുമൊക്കെ കത്തോലിക്കസഭ അംഗീകരിച്ച് സഭാമക്കള്‍ക്കു നല്‍കിയിരിക്കുന്നു. ദൈവസ്‌നേഹത്തോടൊപ്പം ആത്മാക്കളെ സ്വര്‍ഗ്ഗത്തിനായി നേടണമെന്ന പ്രേഷിത തിഷ്ണതയും മുറിക്കപ്പെട്ട് മറ്റുളളവര്‍ക്കുവേണ്ടി സ്വയം ഇല്ലാതായിതീരുന്ന സ്‌നേഹവും വി.ഫൗസ്തീനായില്‍ ചെറുപ്പം മുതലേ പ്രകടമായിരുന്നു. പാപികള്‍ക്കുവേണ്ടി സ്വജീവിതം ഒരുഹോമബലിയായി അവള്‍ പിന്നീടു സമര്‍പ്പിച്ചു ജീവിച്ചു.

1935 സെപ്റ്റംബര്‍ 13-ന് ദൈവകാരുണ്യം ലോകത്തിനായി നേടുവാനുളള ശക്തമായ ഒരു മാര്‍ഗ്ഗത്തെപ്പറ്റി ഈശോ ഫൗസ്തീനായ്ക്കു വെളിപ്പെടുത്തികൊടുത്തു. അവിടുന്ന് തന്റെ ഹൃദയത്തിലെ മുറിവ് കാണിക്കുന്നു. മനുഷ്യകുലത്തിന്റെമേല്‍ ചൊരിയപ്പെട്ട വലിയ കാരുണ്യപ്രവാഹത്തിന്റെ ഉറവിടമായ തിരുവിലാവ്. ആ തിരുഹൃദയത്തില്‍നിന്നും രണ്ടുതരം പ്രകാശരശ്മികള്‍ ലോകത്തെ പ്രകാശിപ്പിച്ചുകൊണ്ട് ഒഴുകുന്നത് ഫൗസ്തിനാ കണ്ടു. ഈശോതന്നെ ആ രശ്മികളെപ്പറ്റി അവളോടു വിശദീകരിച്ചു പറഞ്ഞു. ഈ രണ്ടു രശ്മികള്‍ രക്തത്തെയും, ജലത്തെയും സൂചിപ്പിക്കുന്നു. യോഹന്നാന്‍ 19:34 പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍ നിന്നു രക്തവും, വെളളവും പുറപ്പെട്ടു.

രക്തം കുരിശിലെ ബലിയേയും, ദിവ്യകാരുണ്യദാനത്തേയും സൂചിപ്പിക്കുന്നു. ജലം യോഹന്നാന്റെ മാമ്മോദീസായേയും, പരിശുദ്ധാത്മാവിന്റെ ദാനത്തെയും സൂചിപ്പിക്കുന്നു. ക്രൂശിതനായ ക്രിസ്തുവിന്റെ ഹൃദയത്തിലൂടെയാണ് ദൈവകാരുണ്യം മനുഷ്യരിലെത്തുന്നത്. ഈശോ ഫൗസ്തിനായോടു പറഞ്ഞു. ‘എന്റെ മകളെ ഞാന്‍ സ്‌നേഹത്തിന്റെയും, കരുണയുടെയും മൂര്‍ത്തീഭാവമാണെന്നു ലോകത്തോടു പറയുക. ദൈവകാരുണ്യത്തിലേയ്ക്കു പ്രത്യാശയോടെ മനുഷ്യകുലം പിന്തിരിയാത്തിടത്തോളം കാലം സമാധാനം കണ്ടെത്തുകയില്ല.’

അടുത്തദിവസം ഫൗസ്തീന ചാപ്പലിലേയ്ക്കു കയറവേ ഒരു ആന്തരികസ്വരം കേട്ടു. ‘ഇന്നലെ ഞാന്‍ നിന്നെ പഠിപ്പിച്ച പ്രാര്‍ത്ഥന ഓരോ ദിവസവും ചാപ്പലില്‍ കയറുമ്പോഴും നീ പ്രാര്‍ത്ഥിക്കുക.’ അവള്‍ അതു പ്രാര്‍ത്ഥിച്ചപ്പോള്‍ വീണ്ടും സ്വരം കേട്ടു. ഈ പ്രാര്‍ത്ഥന എന്റെ കോപം ശമിപ്പിക്കാന്‍ പ്രാപ്തമാണ്. നീ ഇത് ഒന്‍പതു ദിവസം ജപമാലമണികളില്‍ ചൊല്ലണം. ഈ കരുണക്കൊന്ത അവളുടെ സമൂഹത്തിലാരംഭിക്കുവാനും, ലോകം മുഴുവനിലും എത്തിക്കുവാനും ഈശോ അവളോടാവശ്യപ്പെട്ടു. നമ്മുടെ കാലഘട്ടത്തിലെ പ്രത്യേക പ്രശ്‌നങ്ങള്‍ക്ക് ഉത്തരം തേടി ദൈവകാരുണ്യത്തിലേക്ക് തിരിയണമെന്ന് വി.ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കൂടെക്കൂടെ ഓര്‍മ്മിപ്പിക്കുന്നു.

വിശുദ്ധ ഫൗസ്തീനാ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!