വിശുദ്ധ ഹെലെന

ലോകം മുഴുവനുമുള്ള വിശ്വാസികള്‍ അവരുടെ ഇന്നത്തെ ജീവിതാവസ്ഥക്ക് കടപ്പെട്ടിരിക്കുന്ന മഹാനായ കോണ്‍സ്‌ററന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മയാണ് ഹെലെന.റോമന്‍ ഭരണാധികാരിയായിരുന്ന കോണ്‍സ്റ്റെന്റിയസ് ക്ലോറസിന്റെ ഭാര്യ, മറ്റൊരു  സ്ത്രീയെ വിവാഹം കഴിക്കുന്നതിനുവേണ്ടി  കോണ്‍സ്റ്റെന്റിയസ്  ഹെലെനയെ ഉപേക്ഷിച്ചു. അധികാരമോഹിയായ ആ മനുഷ്യന്‍ കൂടുതല്‍ സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയാണ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. കോണ്‍സ്റ്റെന്റിയസിന്റെ  മരണശേഷം ഹെലെനയുടെ പുത്രനായ കോണ്‍സ്റ്റെന്റൈന്‍  സിംഹാസനം ഏറ്റെടുത്തു. അമ്മയെ കൊട്ടാരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് അദ്ദേഹം ആദ്യം ചെയ്ത പ്രവൃത്തി.

ഹെലെന ആദ്യം ക്രിസ്തുമത വിശ്വാസിയായിരുന്നില്ല. പിന്നീട്  മകന്‍ കോണ്‍സ്റ്റന്റൈന്‍  ക്രിസ്തുമതത്തെ  പ്രോത്സാഹിപ്പിക്കുവാന്‍ തുടങ്ങിയതോടെയാണ് ഹെലെന യേശുവിനെക്കുറിച്ചു കേള്‍ക്കുന്നത്. അടിയുറച്ച ക്രിസ്തുമതവിശ്വാസിയായി ഹെലെന വേഗം മാറി. ദൈവത്തെ അവള്‍ ഹൃദയത്തില്‍ തൊട്ടറിഞ്ഞു.  കോണ്‍സ്റ്റന്റൈന്‍  ചക്രവര്‍ത്തി റോമാ സാമ്രാജ്യത്തിന്റെ പ്രധാനനഗരങ്ങളിലെല്ലാം ദേവാലയങ്ങള്‍ സ്ഥാപിച്ചു. പുരോഹിതര്‍ക്ക് പ്രത്യേക പദവികള്‍ സമൂഹത്തില്‍ ഉണ്ടാക്കിയതും  അദ്ദേഹമാണ്. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍  ചക്രവര്‍ത്തിയുടെ കാലത്താണ് ആദ്യത്തെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക നിര്‍മ്മിക്കപ്പെടുന്നത്. യേശുവിനെ അടിയുറച്ച് സ്‌നേഹിച്ച ഹെലെന അവിടുത്തെ ആണികളിട്ടു തറച്ചുകൊന്ന കുരിശുതേടി ജറുസേമിലേക്ക് യാത്ര നടത്തിയ കഥ ഏറെ പ്രസിദ്ധമാണ്. ക്രൈസ്തവ വിശ്വാസികളായ ഒരു പറ്റം ആളുകളുമായി തന്റെ എണ്‍പതാംവയസ്സില്‍ ഹെലെന വിശുദ്ധ നാട്ടിലേക്ക് പോയി. യേശുവിനെ കുരിശില്‍ തറച്ച സ്ഥലത്തു മണ്ണില്‍ കൂടി കിടന്ന മൂന്നു മരക്കുരിശുകള്‍ അവര്‍ കണ്ടെത്തി. എന്നാല്‍ ഇവയില്‍ ഏതു കുരിശിലാണ് യേശുവിനെ തറച്ചതെന്ന് തിരിച്ചറിയാന്‍ അവര്‍ക്കായില്ല.

മാറാവ്യാധി പിടിപെട്ട് അവശയായി കിടന്നിരുന്ന ഒരു സ്ത്രീയുടെ കൈകളിലേക്ക് ഹെലെന ഈ  കുരിശുകള്‍ ഓരോന്നായി  കൊടുത്തു. മൂന്നാമത്തെ കുരിശില്‍ തൊട്ട നിമിഷം അവളുടെ രോഗം സുഖപ്പെട്ടു. യേശുവിനെ തറച്ചുകൊന്ന കുരിശ് അങ്ങനെ ഹെലെന കണ്ടെത്തി. ഈ സ്ഥലത്ത് ഹെലെനയുടെ നിര്‍ദ്ദേശപ്രകാരം ഒരു ദേവാലയം പണികഴിപ്പിച്ചു. ഹെലെനയെ ചിത്രകാരന്‍ പകര്‍ത്തിയപ്പോഴെല്ലാം അവളുടെ  കൈയില്‍ ഈ കുരിശ് വരയ്ക്കുമായിരുന്നു.

വിശുദ്ധ ഹെലെന, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!