നൊവേന
മനുഷ്യവംശത്തോടുള്ള സ്നേഹത്താല്‍ സ്വന്തം പുത്രനെ ഞങ്ങള്‍ക്ക് വഴികാട്ടിയും രക്ഷകനും നാഥനുമായി നല്കിയ കാരുണ്യവാനായ പിതാവേ, അപമാനത്തിന്റെ അടയാളമായിരുന്ന കുരിശിനെ മഹത്വത്തിന്റെ പ്രതീകമായി അങ്ങ് ഉയര്ത്തിയല്ലോ. സമാധാനവും സഹായവും കാണാതെ ജീവിതക്ലേശങ്ങളില്‍പ്പെട്ട് വലയുന്ന ഞങ്ങളുടെ ദുഃഖദുരിതങ്ങളാകുന്ന കുരുശുകളെ അങ്ങേ കൃപാകടാക്ഷത്താല്‍ രക്ഷാകരമാക്കിത്തീര്ക്കേണമേ. അന്തിമ നിമിഷത്തില്‍, ഞങ്ങളുടെ രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശിനെ സ്നേഹപൂര്‍വ്വം ചുംബിച്ചുകൊണ്ട് ഈ ലോകജീവിതം അവസാനിപ്പിക്കുവാന്‍ ഞങ്ങള്‍ക്ക് ഇടയാകട്ടെ. ഇപ്പോള്‍ അങ്ങേ സന്നിധിയില്‍ വിനീതരായി നില്ക്കുന്ന അങ്ങേ മക്കാളായ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ കരുണയോടെ സ്വീകരിച്ചരുളേണമേ.
ഈശോമിശിഹായെ ഞങ്ങള്‍ അങ്ങയെ കുമ്പിട്ടാരാധിച്ച് അങ്ങേക്ക് സ്തോത്രം ചെയ്യുന്നു.
സമൂഹം: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശാല്‍ ലോകത്തെ അങ്ങ് വീണ്ടുംരക്ഷിച്ചു.
സങ്കീര്‍ത്തനം (144-146)
പുരോ: കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍, എന്തെന്നാല്‍ അവിടന്ന് സ്നേഹനിധിയാകുന്നു.
സമൂ: കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍, എന്തെന്നാല്‍ അവിടന്ന് സ്നേഹനിധിയാകുന്നു.
പുരോ: കര്‍ത്താവ് വലിയവനും ശക്തനുമാകുന്നു. അവിടത്തെ വിജ്ഞാനം അഗാധമാകുന്നു:
സമൂ: കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍, എന്തെന്നാല്‍ അവിടന്ന് സ്നേഹനിധിയാകുന്നു.
പുരോ: തകര്‍ന്ന ഹൃദയങ്ങളെ അവിടന്ന് സുഖപ്പെടുത്തുന്നു അവരുടെ മുറിവുകള്‍ വച്ചുകെട്ടുന്നു.
സമൂ: കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍, എന്തെന്നാല്‍ അവിടന്ന് സ്നേഹനിധിയാകുന്നു.
പുരോ: അലയുന്ന മൃഗങ്ങള്‍ക്കും കരയുന്ന പക്ഷികള്‍ക്കും അവിടന്ന് ആഹാരം നല്കുന്നു
സമൂ: കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍, എന്തെന്നാല്‍ അവിടന്ന് സ്നേഹനിധിയാകുന്നു.
പുരോ: ബന്ധിതരെ മോചിക്കുകയും അനാഥരെ സംരക്ഷിക്കുകയും ചെയ്യുന്നു.
സമൂ: കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍, എന്തെന്നാല്‍ അവിടന്ന് സ്നേഹനിധിയാകുന്നു.
പുരോ: വീഴുന്നവരെ കര്‍ത്താവ് താങ്ങുന്നു വീണവരെ കൈപിടിച്ചെഴുന്നേല്പ്പിക്കുകയും ചെയ്യുന്നു.
സമൂ: കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍, എന്തെന്നാല്‍ അവിടന്ന് സ്നേഹനിധിയാകുന്നു.
പുരോ: എല്ലാവരുടേയും ദൃഷ്ടികള്‍ പ്രത്യാശാപൂര്‍വ്വം അങ്ങയെ കാത്തിരിക്കുന്നു. അങ്ങ് കൈതുറന്ന് അവരെയെല്ലാം സംതൃപ്തരാക്കുന്നു.
സമൂ: കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍, എന്തെന്നാല്‍ അവിടന്ന് സ്നേഹനിധിയാകുന്നു.
പുരോ: ആത്മാര്‍ത്ഥതയോടെ തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്, തന്റെ ഭക്തരുടെ അഭിലാഷം അവിടന്ന് നിറവേറ്റിക്കൊടുക്കുന്നു.
സമൂ: കര്‍ത്താവിനു കീര്‍ത്തനം പാടുവിന്‍, എന്തെന്നാല്‍ അവിടന്ന് സ്നേഹനിധിയാകുന്നു.
ദൈവവചനം
(യോഹന്നാന്റെ സുവിശേഷം)
നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകാതിരിക്കട്ടെ. ദൈവത്തില്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുവിന്‍.. എന്നിലും വിശ്വസിക്കുവിന്‍. വഴിയും സത്യവും ജീവനും ഞാനാകുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാദ്ധ്യമല്ല. എന്റെ നാമത്തില്‍ എന്നോടപേക്ഷിക്കുന്നതെല്ലാം ഞാന്‍ നിങ്ങള്‍ക്കു തരും. എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ തരുന്നു. ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല. ഞാന്‍ നിങ്ങളുടെ അടുക്കലേയ്ക്ക് വരും. നിങ്ങളോടുകൂടി എന്നും വസിക്കേണ്ടതിനായി മറെറാരു ആശ്വാസപ്രദനെ നിങ്ങള്‍ക്കായി അയയ്ക്കുകയും ചെയ്യും. നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു. എങ്കില്‍ എന്റെ പ്രമാണങ്ങള്‍ അനുസരിക്കുവിന്‍, എന്നില്‍ വിശ്വസിക്കുന്ന ഒരുവനും അന്ധകാരത്തില്‍ വസിക്കാതിരിക്കുവാന്‍ ഞാന്‍ വെളിച്ചമായി ലോകത്തിലേയ്ക്ക് വന്നിരിക്കുന്നു.
കാറോസൂസ
പുരോ: നമുക്കെല്ലാവര്‍ക്കും ഭക്തിയോടും പ്രതീക്ഷയോടും കൂടെ കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ എന്നപേക്ഷിക്കാം.
സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
പുരോ: അങ്ങേ ജനങ്ങളുടെ ആത്മീയാന്ധകാരം നീക്കുവാന്‍ കുരിശിന്റെ പ്രകാശം കൊണ്ട് ലോകത്തില്‍ വെളിച്ചം പരത്തിയ കര്‍ത്താവേ, ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും മനസ്സിനെ ശക്തിപ്പെടുത്തുകയും നിര്മ്മലമനസ്സാക്ഷിയോടും കൂടി ജീവിക്കുവാന്‍ അനുഗ്രഹിക്കുകയും ചെയ്യണമെന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
പുരോ: കുരിശിന്റെ അടയാളത്താല്‍ നിങ്ങള്‍ വിജയം വരിക്കുമെന്ന് അരുള്‍ ചെയ്ത കര്‍ത്താവേ, അങ്ങയുടെ വിശുദ്ധകുരിശില്‍ അഭയം തേടുന്ന ഞങ്ങളുടെ പരിശ്രമങ്ങളെ വിജയിപ്പിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
പുരോ: നിങ്ങളുടെ ദുഃഖങ്ങള്‍ സന്തോഷമായി മാറും (2) എന്ന് ശിഷ്യന്മാരെ ആശ്വസിപ്പിച്ച കര്‍ത്താവേ, ദാരിദ്ര്യത്താലും രോഗത്താലും വലയുന്നവരും പലവിധ ക്ലേശങ്ങള്‍ അനുഭവിക്കുന്നവരുമായ ഞങ്ങളേയും ഞങ്ങളുടെ സഹോദരരേയും ആശ്വസിപ്പിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
പുരോ: അങ്ങയുടെ അരൂപിയാല്‍ ശിലാഹൃദയത്തെപ്പോലും മൃദുലമാക്കുമെന്ന് അരുള്‍ചെയ്ത കര്‍ത്താവേ, സ്വാര്‍ത്ഥമായി മാത്രം ചിന്തിക്കുകയും കുടുംബസമാധാനം തകര്‍ക്കുകയും ചെയ്യുന്നവരില്‍ അങ്ങയുടെ കാരുണ്യം വര്‍ഷിക്കണമെന്നും അവരുടെ ബുദ്ധിയെ പ്രകാശിപ്പിക്കുകയും അങ്ങയുടെ സ്നേഹചൈതന്യം അവര്‍ക്കു നല്‍കുകയും ചെയ്യണമെന്നും അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
പുരോ: അങ്ങേ കുരിശിന് ചുവട്ടില്‍ നിലകൊണ്ട വ്യാകുലയായ മാതാവിന്റെ യോഗ്യതകളെ ഓര്‍ത്ത് ഞങ്ങള്‍ കേണപേക്ഷിക്കുന്ന ഈ പ്രത്യേകാനുഗ്രഹം തന്നരുളണമെന്ന് വിശ്വാസത്തോടു കൂടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സമൂ: കര്‍ത്താവേ ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
(മൗനപ്രാര്‍ത്ഥന, ഉദ്ദിഷ്ടകാര്യം ഇവിടെ അനുസ്മരിക്കുക)
മദ്ധ്യസ്ഥ പ്രാര്‍ത്ഥന
പിതാവിനും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, അങ്ങേയ്ക്ക് അസാദ്ധ്യമായി യാതൊന്നുമില്ലെന്ന്, ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. അങ്ങയുടെ നിരന്തരമായ പരിപാലനവും അനുഗ്രഹവും ഞങ്ങള്‍ക്ക് നല്കണമെ. വഴിതെററിപ്പോയവരെ അങ്ങ് നേര്‍വഴിയ്ക്ക് നടത്തണമെ. പാപികള്‍ക്ക് പശ്ചാത്താപവും മരിച്ചവര്‍ക്ക് സ്വര്‍ഗ്ഗഭാഗ്യവും നീതിമാന്മാര്ക്ക് സന്തോഷവും പ്രദാനം ചെയ്യണമെ. പ്രത്യാശാപൂര്‍വ്വം അങ്ങേ സന്നിധിയില്‍ സമര്‍പ്പിക്കുന്ന ഈ പ്രാര്‍ത്ഥനകള്‍ ദയയോടെ കേട്ടരുളണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.
പ്രാര്‍ത്ഥനാഗാനം
അദ്ധ്വാനിക്കുന്നവര്‍ക്കും
ഭാരം ചുമക്കുന്നോര്‍ക്കും
അത്താണിയായുള്ളവനേ
കര്‍ത്താവേ, യേശുനാഥാ
ആശയാര്ന്നെത്തീടുന്നു
ആകുലരങ്ങേ മുമ്പില്‍
ആശ്രയം നീതാനല്ലോ
ആശ്വാസദായകനെ
സത്യവും മാര്‍ഗ്ഗവും നീ
നിത്യമാം ജീവനും നീ
ആലംബമേകീടണേ
കൈവല്യദായകനേ
മാനവപാപം നീക്കാന്‍
നിത്യസൗഭാഗ്യം നല്കാന്
ക്രൂശില്‍ മരിച്ചനാഥാ
തൃപ്പാദം കുമ്പിടുന്നു
ലോകത്തിന് മായകളില്‍
വീണിടാതെന്നുമെന്നും
പാപികള്‍ ഞങ്ങളെ നീ
പാലനം ചെയ്തീടണേ
ദിവ്യമാം ശോണിതത്താല്
നവ്യപ്രകാശം തൂകും
സ്ലീവായെ ഞങ്ങള്‍ നിത്യം
താണുവണങ്ങീടുന്നു.
പ്രാര്‍ത്ഥിക്കാം
സര്‍വ്വശക്തനും കാരുണ്യവാനുമായ ദൈവമേ, അങ്ങേ തിരുകല്പനകള് അനുസരിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേല്‍ മക്കളെ അങ്ങ് അനുസരിക്കുകയും സത്യമാര്‍ഗ്ഗത്തില്‍ നിന്ന് വ്യതിചലിച്ച് ദുര്‍മാര്‍ഗ്ഗത്തില്‍ ചരിച്ചപ്പോഴെല്ലാം അങ്ങയുടെ അനുഗ്രഹത്തിന്റെ വലംകൈ അവരില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തുവല്ലോ. അങ്ങേ പ്രമാണങ്ങളനുസരിച്ച് പാപമാര്‍ഗ്ഗത്തില്‍ നിന്നു പിന്തിരിയുവാനും അങ്ങനെ അങ്ങയുടെ അനുഗ്രഹത്തിന് അര്‍ഹരാകുവാനും ഞങ്ങള്‍ക്ക് കൃപചെയ്യണമേ. ആമ്മേന്‍.
അനുബന്ധം
പ. കുര്‍ബാനയുടെ ആശീര്‍വാദം
ഗാനങ്ങള്‍
മിശിഹാ കര്‍ത്താവേ,
മാനവരക്ഷകനേ
നരനുവിമോചനമേകീടുവാന്
നരനായ് വന്നുപിറന്നവനേ.
മാലാഖമാരൊത്തു ഞങ്ങള്‍
പാടിപ്പുകഴ്ത്തുന്നു നിന്നെ
പരിശുദ്ധന്, പരിശുദ്ധന്
കര്‍ത്താവേ നീ പരിശുദ്ധന്
അഥിലലോക നായകാ
വാഴ്ത്തിടുന്നു ഞങ്ങള്‍
ഈശോനാഥാ പുകഴ്ത്തിടുന്നു ഞങ്ങള്‍
നീയല്ലോ ശരീരങ്ങള്‍ക്കുയിര്‍പ്പേകുന്നു.
നീ തന്നെയാത്മാവിന്നു രക്ഷയേകുന്നു.
സ്വര്‍ഗ്ഗത്തില്‍ നിന്നാഗതമാം
ജീവന് നല്കുമൊരപ്പം നീ
മര്ത്യന്നുമുക്തി പകര്‍ന്നരുളും
നിത്യമഹോന്നതമപ്പം നീ
മാനവരെ മോദമോടെ
നാഥനെ വാഴ്ത്തിപ്പാടിടുവിന്‍
ദൈവത്തിന് പരിപാവനമാം
സന്നിധിചേര്‍ന്നു വണങ്ങീടുവിന്‍…(2)
സ്വര്‍ഗ്ഗത്തില്‍……
ദിവ്യശരീരം മാനവനായ്
നല്കിയ നാഥനെ വാഴ്ത്തിടുവിന്‍
ദിവ്യനിണത്താന് പാപികളെ
നേടിയ നാഥനെ വാഴ്ത്തിടുവിന്‍ (2)
പുരോ: പരിശുദ്ധ ശരീരത്താലും
വിലയേറിയ രക്തത്താലും
പാപത്തിന് കറകളില്‍ നിന്നും
മര്‍ത്യനു നീ മോചനമേകീ
സമൂ: സകലേശാ ദിവ്യകടാക്ഷം
തൂകണമേ വത്സരസുതരില്
നിര്‍മ്മലരായ് ജീവിച്ചിടുവാന്‍
ചിന്തണമേ ദിവ്യവരങ്ങള്‍
ദൈവത്തെ വാഴ്ത്തിടുവിന്‍
ദൈവനാമം വാഴ്ത്തിടുവിന്‍
ദൈവവും മനുജനുമാം
മിശിഹാനാഥനെ വാഴ്ത്തിടുവിന്‍
മിശിഹാതന്‍ പൂജിതമാം
തിരുനാമം വാഴ്ത്തിടുവിന്‍
സ്നേഹത്തിന്നുറവിടമാം
തിരുഹൃദയം വാഴ്ത്തിടുവിന്‍
പീഠത്തില്‍ വാണരുളും
മിശിഹായെ വാഴ്ത്തിടുവിന്‍
ദൈവത്തിന് മാതാവാം
കന്യാമേരിയെ വാഴ്ത്തിടുവിന്‍
മറിയത്തിന് നിര്‍മ്മലമാം
ഉത്ഭവം വാഴ്ത്തിടുവിന്‍
സ്വര്ഗാരോപിത മാതാവിന്
തുരുനാമം വാഴ്ത്തിടുവിന്‍
നിര്‍മ്മലയാം കന്യകതന്‍
വല്ലഭനെ വാഴ്ത്തിടുവിന്‍
സിദ്ധരിലും ദൂതരിലും
ദൈവത്തെ വാഴ്ത്തിടുവിന്‍