വിശുദ്ധ മോനിക്ക (332-387)

ക്രൈസ്തവവിശ്വാസിയായ ഒരു അമ്മ എങ്ങനെയായിരിക്കണം എന്നതിനു ഉത്തമമാതൃകയാണ് വി.മോനിക്ക. വിശുദ്ധനായ അഗസ്റ്റിന്റെ അമ്മയായ മോനിക്കയുടെ  ജീവിതകഥ എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടതുമാണ്. ആഫ്രിക്കയിലെ കാര്‍ത്തേജില്‍ ജനിച്ച മോനിക്ക ഒരു ക്രൈസ്തവവിശ്വാസി ആയിരുന്നു. എന്നാല്‍  അവള്‍ വിവാഹം കഴിച്ച പാട്രീഷ്യസ്  എന്ന മനുഷ്യന്‍ വിജാതീയനായിരുന്നു. അഗസ്റ്റിനെ കൂടാതെ നവീജിയസ് എന്നൊരു മകനും  ഈ ദമ്പതികള്‍ക്കുണ്ടായിരുന്നു. പാട്രീഷ്യസ് ക്രൂരനായ ഭര്‍ത്താവായിരുന്നു. നിസ്സാരകാര്യങ്ങള്‍ക്കുപോലും അയാള്‍ മോനിക്കയോട്  തട്ടിക്കയറി. എപ്പോഴും അവളെ വഴക്കു പറഞ്ഞു. ചിലപ്പോള്‍ മര്‍ദ്ദിച്ചു. എന്നാല്‍ മോനിക്ക  അനുസരണയുള്ള ഒരു ഭാര്യയായി പെരുമാറി. ഒരിക്കല്‍  പോലും ഭര്‍ത്താവിനോട് മറുത്തൊരു വാക്കുപറയാന്‍ അവള്‍ ശ്രമിച്ചില്ല. തന്റെ ഭര്‍ത്താവിനെ അവള്‍ ഏറെ സ്നേഹിച്ചിരുന്നു. അയാളെ ക്രൈസ്തവവിശ്വാസത്തിലക്ക് കൊണ്ടുവരാന്‍ അവള്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ മരണത്തിനു തൊട്ടുമുന്‍പു വരെ അയാള്‍ തന്റെ വിശ്വാസത്തില്‍ ഉറച്ചുനിന്നു. എന്നാല്‍  മരണക്കിടക്കയില്‍ വച്ച് അയാള്‍ മോനിക്കയുടെ ദൈവത്തിന്റെ ശക്തി തിരിച്ചറിഞ്ഞു. ജ്ഞാനസ്‌നാനം സ്വീകരിച്ച് അയാള്‍ യേശുവിന്റെ  അനുയായി ആയി മാറി.

ഭര്‍ത്താവിനെ  യേശുവിന്റെ വഴിയേ കൊണ്ടുവന്നെങ്കിലും മകനെ യേശുവിലേക്ക് അടുപ്പിക്കാന്‍ മോനിക്കയ്ക്ക് അപ്പോഴും സാധിച്ചിരുന്നില്ല. അക്കാലത്ത് ആഫ്രിക്കയില്‍ ഏറെ  പ്രചാരത്തിലിരുന്ന മാണിക്കേയ മതത്തിന്റെ പ്രചാരകനായിരുന്നു അഗസ്റ്റിന്‍. ഇന്ത്യയടക്കം പല രാജ്യങ്ങളിലും അന്ന് മാണിക്കേയ മതം വ്യാപകമായി പ്രചരിച്ചിരുന്നു. ബാബിലോണിനു സമീപമുള്ള മര്‍ദീനു എന്ന സ്ഥലത്ത് ജനിച്ച മാണി എന്ന വ്യക്തിയാണ് മാണിക്കേയ മതത്തിന്റെ സ്ഥാപകന്‍. താന്‍ ക്രിസ്തുവിന്റെ പിന്തുടര്‍ച്ചക്കാരനാണെന്നാണ് മാണി സ്വയം വിശേഷിപ്പിച്ചിരുന്നത്. തന്റെ മകന്‍  വഴിതെറ്റി പോകുന്നുവെന്ന് കണ്ട് ഏറെ ദു:ഖിതയായിരുന്നു മോനിക്ക. അവര്‍  എപ്പോഴും കരഞ്ഞു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.

അമ്മയുടെ സമ്മര്‍ദ്ദം സഹിക്കവയ്യാതായപ്പോള്‍ ഒരിക്കല്‍ അവന്‍ ഒളിച്ച്  സ്ഥലം വിടുകപോലും ചെയ്തു. മോനിക്ക പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ വിശുദ്ധ ആംബ്രോസിന്റെ പ്രസംഗം അഗസ്റ്റിന്‍ കേള്‍ക്കാനിടയായി. ഒടുവില്‍ ഒരു ഉയിര്‍പ്പുതിരുനാള്‍ ദിവസം അദ്ദേഹം ജ്ഞാനസ്‌നാനം സ്വീകരിച്ചു. വി. ആംബ്രോസിന്റെ ഉപദേശപ്രകാരമാണ്  മോനിക്ക ജീവിച്ചിരുന്നത്. മരണംവരെയും ഒരു നിമിഷം പോലും അവള്‍ പ്രാര്‍ത്ഥിക്കാതിരുന്നിട്ടില്ല. മറ്റൊന്നിലും മോനിക്ക തന്റെ മനസ്സ് അര്‍പ്പിച്ചിരുന്നില്ല. മരണസമയത്ത് മോനിക്ക മക്കളെ അടുത്തുവിളിച്ചു. എന്റെ ശരീരം എവിടെ വേണമെങ്കിലും ഉപേക്ഷിച്ചുകൊള്ളുക. പക്ഷേ ഒരു കാര്യം എനിക്കുവേണ്ടി ചെയ്യണം. എന്നും  ബലിപീഠത്തില്‍ എന്നെ സ്മരിക്കണം. 56-ാം  വയസ്സില്‍ രോഗബാധിതയായ മോനിക്ക ഒന്‍പതു ദിവസത്തെ സഹനങ്ങള്‍ക്കു ശേഷം മരിച്ചു.

വിശുദ്ധ മോനിക്ക, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ…

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!