ദൈവപിതാവിനോടുള്ള പ്രാര്‍ത്ഥനകള്‍

ദൈവപിതാവിനോടുള്ള പ്രാര്‍ത്ഥനകള്‍ – ദൈവം, എന്റെ പിതാവ്…!
”സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവേ, അങ്ങ് എന്റെ പിതാവും, ഞാന്‍ അങ്ങയുടെ ഒരു കുഞ്ഞുമാണെന്ന അറിവ് എത്ര മധുരതരം! പ്രത്യേകിച്ചും, എന്റെ ആത്മാവിന്റെ ആകാശങ്ങള്‍ മേഘാവൃതവും, എന്റെ കുരിശ് ഭാരമേറിയതുമാണെന്ന് അറിയുമ്പോള്‍, ‘പിതാവേ അങ്ങേക്ക് എന്നോടുള്ള സ്‌നേഹത്തില്‍ ഞാന്‍ വിശ്വാസമര്‍പ്പിക്കുന്നു’ എന്ന് ആവര്‍ത്തിക്കേണ്ടതുണ്ടെന്ന് ഞാനറിയുന്നു.

ജീവിതത്തിന്റെ എല്ലാ വിനാഴികകളിലും അങ്ങ് എന്റെ പിതാവാണെന്നും, ഞാന്‍ അങ്ങയുടെ കുഞ്ഞാണെന്നും ഞാന്‍ വിശ്വസിക്കുന്നു…. അനന്തസ്‌നേഹംകൊണ്ട് അങ്ങ് എന്നെ സ്‌നേഹിക്കുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു…. രാപകല്‍ അങ്ങ് എന്നെ ശ്രദ്ധിക്കുന്നു; എനിക്ക് കാവല്‍ നില്‍ക്കുന്നു. അങ്ങയുടെ അനുമതികൂടാതെ എന്റെ ഒരു തലമുടിപോലും കൊഴിയുകയില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു…. എനിക്കു നല്ലതെന്താണെന്ന്, എന്നെക്കാള്‍ നന്നായി അങ്ങയുടെ അനന്തജ്ഞാനംകൊണ്ട് അങ്ങറിയുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു…. തിന്മയില്‍നിന്നുപോലും നന്മയുളവാക്കാന്‍ അനന്തശക്തിയാല്‍ അങ്ങേക്ക് കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു… എന്റെ മുറിവുകളുണക്കുന്ന അങ്ങയുടെ കരം ഞാന്‍ ചുംബിക്കട്ടെ! ഞാന്‍ വിശ്വസിക്കുന്നു. എന്നിലെ വിശ്വാസവും ശരണവും സ്‌നേഹവും വര്‍ദ്ധിപ്പിക്കേണമേ…. ജീവിതത്തിന്റെ ഓരോ സന്ദര്‍ഭത്തിലും എന്നെ നയിക്കുന്ന അങ്ങയുടെ സ്‌നേഹം മനസ്സിലാക്കാന്‍ എന്നെ പഠിപ്പിക്കണമേ…. കുഞ്ഞ് അമ്മയുടെ കൈകളിലെന്നതു പോലെ, എന്നെ അങ്ങേക്കു സമര്‍പ്പിക്കാന്‍ എന്നെ പഠിപ്പിക്കണമേ…. പിതാവേ, അങ്ങ് എല്ലാം അറിയുന്നു; കാണുന്നു; എന്നെ, എന്നെക്കാള്‍ നന്നായി അറിയുന്നതും അങ്ങുതന്നെ.

പിതാവേ, ഞങ്ങള്‍ എപ്പോഴും അങ്ങയിലേക്കു തിരിയണം എന്നത് അങ്ങയുടെ ആഗ്രഹമാണ്. അതുകൊണ്ട്, യേശുവിനോടും പരിശുദ്ധമറിയത്തോടും ചേര്‍ന്ന് വിശ്വാസത്തോടെ അങ്ങയോട് അപേക്ഷിക്കുന്നു……. (ഉദ്ദിഷ്ടകാര്യം അപേക്ഷിക്കുക) ….. ഈ നിയോഗത്തിനായും, എന്റെ ഹൃദയത്തെ അവരുടെ തിരുഹൃദയങ്ങളോട് ഒന്നിപ്പിക്കുന്നതിനായും ഞാന്‍ എന്റെ പ്രാര്‍ത്ഥനകളും പരിത്യാഗങ്ങളും ആശയടക്കങ്ങളും പ്രവൃത്തികളും അങ്ങേക്ക് കാഴ്ച വയ്ക്കുന്നു. ആമേന്‍!”

ദൈവപിതാവിന്റെ പ്രേഷിതത്വത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന
”ദൈവിതാവേ, എല്ലാ മനുഷ്യരും അങ്ങയെ അറിയുകയും സ്‌നേഹിക്കുകയും പ്രത്യേക ഭക്തിയാല്‍ ബഹുമാനിക്കുകയും ചെയ്യുക എന്ന പ്രേക്ഷിതത്വത്തെ ആശീര്‍വ്വദിക്കുകയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യണെ! എല്ലാം ക്രമീകരിക്കുകയും, ഹൃദയങ്ങളെ സജ്ജീകരിക്കുകയും, വാക്കുകളെ വിശുദ്ധീകരിക്കുകയും, പ്രവര്‍ത്തനങ്ങളെ അനുഗ്രഹിക്കുകയും, അങ്ങനെ അങ്ങയുടെ തിരുഹിതം നിറവേറ്റുവാന്‍ ഞങ്ങളെ സഹായിക്കുകയും ചെയ്യണമെ…. ദൈവപിതാവേ, ഞങ്ങള്‍ അങ്ങയെ സവിശേഷമാംവിധം അനുഭവിച്ചറിയുകയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു…. ആമേന്‍….ആമേന്‍” (1 സ്വര്‍ഗ്ഗ.. 1 നന്മ. 1 ത്രിത്വ)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!