വിശുദ്ധ സാമൂവല്‍ ( ക്രിസ്തുവിന് 1000 വര്‍ഷം മുമ്പ്)

സാമുവല്‍ എന്ന ഹിബ്രു വാക്കിന്റെ അര്‍ത്ഥം ദൈവം വിളികേട്ടു എന്നാണ് . ഇസ്രയേലിന്റെ അവസാനത്തെ ന്യായാധിപനായിരുന്നു സാമുവല്‍. സാമുവലിന്റെ  ജീവിതകഥ പൂര്‍ണ്ണമായി വിവരിക്കുന്ന ബൈബിള്‍ ഗ്രന്ഥമാണ് സാമുവല്‍ ഒന്നാം ഗ്രന്ഥം. എഫ്രായിം മലനാട്ടിലെ  സൂഫ് വംശജനായ എലക്കാനയുടെയും ഹന്നായുടെയും  മകനായിരുന്നു സാമുവല്‍ . മക്കളില്ലാതെ ഏറെ ദു:ഖിച്ചിരുന്ന ഹന്ന ദേവാലയത്തില്‍ വച്ച് കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന സംഭവം ബൈബിളില്‍ വിവരിക്കുന്നുണ്ട്. ‘ദൈവമേ ഈ ദാസിയെ വിസ്മരിക്കരുതേ… എനിക്കൊരു പുത്രനെ നല്‍കിയാല്‍ അവന്റെ ജീവതകാലം മുഴുവന്‍ അവനെ ഞാന്‍ അങ്ങേയ്ക്കു പ്രതിഷ്ഠിക്കും.’ ഹന്നയുടെ പ്രകടനങ്ങള്‍ കണ്ട് പുരോഹിതനായ ഏലി അവള്‍ മദ്യപിച്ചിട്ടുണ്ടെന്ന് കരുതി അവളോട് കോപിച്ചു. എന്നാല്‍ ഹന്ന പറഞ്ഞു. വളരെയേറെ മനോവേദന അനുഭവിക്കുന്നവളാണ്  ഞാന്‍. വീഞ്ഞോ ലഹരിപാനീയങ്ങളോ ഞാന്‍ കുടിച്ചിട്ടില്ല കര്‍ത്താവിന്റെ മുന്‍പില്‍ എന്റെ ഹൃദയവികാരങ്ങള്‍ ഞാന്‍ പകരുകയായിരുന്നു. പുരോഹിതന്‍ അവളെ അനുഗ്രഹിച്ചു.

‘ദൈവം നിന്റെ പ്രാര്‍ത്ഥന കേള്‍ക്കട്ടെ’ എന്ന് അദ്ദേഹം ആശംസിച്ചു. ഹന്നയുടെ പ്രാര്‍ത്ഥന ദൈവം കേട്ടു. അവള്‍ക്ക് സാമുവല്‍  പിറന്നു. ഹന്ന തന്റെ വാഗ്ദാനം നിറവേറ്റി. സാമുവലിനെ ദൈവത്തിന്റെ ആലയത്തില്‍ അവള്‍ സമര്‍പ്പിച്ചു. പുരോഹിതനായ ഏലിയുടെയൊപ്പം ദേവാലയത്തില്‍ അവന്‍ വളര്‍ന്നു. ഏലിയായുടെ മക്കള്‍ ദുഷ്ടന്മാരായിരുന്നു. എന്നാല്‍ അവര്‍ക്കൊപ്പം വളര്‍ന്ന സാമുവല്‍  ദൈവത്തില്‍ ഉറച്ചു വിശ്വസിച്ചു. ദൈവം സാമുവലിനെ വിളിച്ചു. സാമുവല്‍  ഇസ്രയേല്‍ മുഴുവന്‍ ആരാധിക്കപ്പെടുന്നവനായി മാറി. ഇസ്രയേലിന്റെ ന്യായാധിപനായി ദൈവം സാമുവലിനെ ചുമതലപ്പെടുത്തി.

ഇസ്രയേലിന്റെ ആദ്യരാജാവായി സാവൂളിനെ അഭിഷിക്തനാക്കുന്നത് സാമുവലാണെന്നു ബൈബിളില്‍ കാണാം  കര്‍ത്താവല്ലാതെ മറ്റൊരു രാജാവ് ആവശ്യമില്ലെന്നായിരുന്നു സാമുവലിന്റെ അഭിപ്രായമെങ്കിലും ജനഹിതമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കര്‍ത്താവ് പറഞ്ഞതോടെ അദ്ദേഹം വഴങ്ങുകയായിരുന്നു. യുദ്ധങ്ങളില്‍ സാവൂള്‍ വിജയിച്ചുവെങ്കിലും ദൈവഹിതത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതുകൊണ്ട് സാവൂള്‍ തിരസ്‌കൃതനായി., സാവൂളിന്റെ മരണത്തിനു മുന്‍പ് തന്നെ സാമുവല്‍ ദാവീദിനെ രാജാവായി അഭിഷേകം ചെയ്തിരുന്നു . ദാവീദ് സമാധാനം സ്ഥാപിച്ചു. രാജ്യത്ത് ഐശ്വര്യം  കളിയാടി. ന്യായാധിപന്മാര്‍ റൂത്ത് രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിലെ 24 വാക്യങ്ങള്‍ എന്നിവയും സാമുവല്‍ എഴുതിയതാണെന്നു ചില ബൈബിള്‍ പണ്ഡിതന്മാര്‍ വിശ്വസിക്കുന്നു.

വിശുദ്ധ സാമൂവല്‍, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!